ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുപമായി ബന്ധപ്പെട്ട രേഖകള്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ വയ്ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. കോപ്ടര്‍ ഇടപാടിലെ ഇതുവരെ എന്തൊക്കെ കാര്യങ്ങള്‍ നടന്നിട്ടുണ്ടോ അതു സംബന്ധിച്ച വിവരങ്ങള്‍ എല്ലാം രേഖയില്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
കോപ്ടറുകള്‍ വില്‍ക്കുന്ന കന്പനിക്കു വേണ്ടി വ്യവസ്ഥകളില്‍ ഇളവ് നല്‍കിയത് സംബന്ധിച്ച വിവരങ്ങളും പുറത്തു വിടും. കരാറില്‍ ലാഭമുണ്ടാക്കിയവരെ ആരെയും തന്നെ വെറുതെ വിടില്ല. കരാര്‍ സംബന്ധിച്ച എല്ലാ സത്യങ്ങളും പുറത്തു വരേണ്ടത് അത്യാവശ്യമാണ്. രേഖകള്‍ പാര്‍ലമെന്റിന് സമര്‍പ്പിക്കുന്നതിനാല്‍ തന്നെ മാദ്ധ്യമങ്ങളോട് കൂടുതല്‍ വെളിപ്പെടുത്താനാവില്ല പരീക്കര്‍ പറഞ്ഞു.
ഫിന്‍ മെക്കാനിക്ക കന്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയോ കരിന്പട്ടികയില്‍ പെടുത്താനോ മുന്‍ യു.പി.എസര്‍ക്കാര്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വി.വി.ഐപികള്‍ക്ക് സഞ്ചരിക്കാന്‍ 12 അത്യാധുനിക ഹെലികോപ്ടറുകള്‍ 3600 കോടി രൂപയ്ക്ക് വാങ്ങിയതില്‍ 360 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.