നാടകാന്ത്യങ്ങള്‍ക്കൊടുവില്‍ അമിത് ഷാക്കും സ്മൃതി ഇറാനിക്കുമൊപ്പം അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക്

അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേല്‍ വിജയിച്ചു.

വിമത കോണ്‍ഗ്രസ് നേതാവ് നേതാവ് ബല്‍വന്ത് സിംഗ് രാജ്പുതിനെയാണ് പട്ടേല്‍ തോല്‍പ്പിച്ചത്. 44 വോട്ട് നേടിയാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പട്ടേലിനൊപ്പം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സ്മൃതി ഇറാനി എന്നിവരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മുമ്പ്, കൂറുമാറി വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത് കൂറുമാറ്റം മൂലം വലഞ്ഞിരുന്ന കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമായി. ഇത് അഞ്ചാം തവണയാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് എത്തുന്നത്.

വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് ഫലപ്രഖ്യാപനമുണ്ടായത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രാഘവ്ജി പട്ടേല്‍, ഭോല ഗൊഹേല്‍ എന്നിവരുടെ വോട്ടുകളാണ് അസാധുവാക്കിയത്. വോട്ട് ചെയ്ത ശേഷം എംഎല്‍എമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. ഇവരുടെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജെവാല, ആര്‍.പി.എന്‍ സിംഗ് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വീഡിയോ ദൃശ്യമടക്കമാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെ ബിജെപി സംഘവും കമ്മിഷനെ സന്ദര്‍ശിച്ചിരുന്നു. വോട്ട് റദ്ദാക്കാന്‍ പാടില്ലെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇതോടെ ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയായിരുന്നു.

Top