രക്തസാക്ഷികളെ അപമാനിച്ചാല്‍ ജനങ്ങള്‍ അത് മറക്കില്ല; മോദിക്കെതിരെ അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: മോദിയുടെ രാജീവ് ഗാന്ധി പരാമര്‍ശത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. രാജ്യത്തിന്റെ രക്തസാക്ഷികളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതും ഇന്ത്യയിലെ ജനങ്ങള്‍ മറക്കില്ലെന്നും, കപട ദേശീയവാദിയായി നടക്കുന്ന മോദിക്ക് രാജീവ് ഗാന്ധിയുടെ ത്യാഗം മനസിലാകില്ലെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് മോദി കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തിനെതിരെ ചെയ്ത കാര്യങ്ങളില്‍ മോദിയുടെ പേര് കറുത്ത മഷികൊണ്ടാവും ചരിത്രത്തില്‍ എഴുതപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നെന്ന മോദിയുടെ പരാമര്‍ശത്തിനു മറുപടിയുമായി മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. മോദിക്ക് മോദിയെക്കുറിച്ച് തോന്നുന്ന കാര്യം മറ്റുള്ളവരുടെ മേല്‍ ചാരേണ്ടെന്നും അത് നിങ്ങളെ സംരക്ഷിക്കില്ലെന്നും നിങ്ങളുടെ കര്‍മഫലം നിങ്ങള്‍ അനുഭവിക്കുമെന്നും രാഹുല്‍ മോദിക്ക് മറുപടി നല്‍കി. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മോദി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത്. നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ എന്നായിരിക്കും നിങ്ങളുടെ സേവകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് എന്നാണ് മോദി പറഞ്ഞത്.

Top