മുംബയ്: മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ബോംബെ ഹൈക്കോടതി വിധിക്ക് പിന്നാലെ അഹമ്മദ്‌നഗറിലെ ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയ സ്ത്രീകളെ ഗ്രാമീണര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. സാമൂഹ്യ പ്രവര്‍ത്തക ദ്രുപതി ദേശായിയുടെ നേതൃത്വത്തിലുള്ള 25 സ്ത്രീകളെയാണ് ഗ്രാമവാസികള്‍ തടഞ്ഞത്. കോടതി ഉത്തരവ് എന്തായാലും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഗ്രാമവാസികളുടെ നിലപാട്.
തുടര്‍ന്ന് ഗ്രാമീണരും സ്ത്രീകളുമായി ഉന്തുംതള്ളും ഉണ്ടായി. ഇതോടെ സ്ത്രീകള്‍ ക്ഷേത്ര കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ദ്രുപതി, കോടതി വിധി ലംഘിച്ചതിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്നും പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതാണെന്നും അവര്‍ പറഞ്ഞു.
ആരാധനാലയങ്ങളിലെ ലിംഗ വിവേചനത്തിന് സര്‍ക്കാര്‍ എതിരാണെന്നും മഹാരാഷ്ട്ര ഹിന്ദു പ്‌ളെയ്‌സ് ഒഫ് വര്‍ഷിപ്പ് ആക്ടിലെ ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുംബയ് ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.