ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ജമ്മുവില്‍ വീട്ടുതടങ്കലിലാക്കിയിരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ജമ്മുവില്‍ വീട്ട് തടങ്കലിലുള്ള നേതാക്കളെ മോചിപ്പിച്ചതായും അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതായും എന്‍.ഡി ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ ബ്ലോക്ക് ഡെവലപ്പമെന്റ് കൗണ്‍സിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിയന്ത്രണം നീക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജമ്മു മേഖല സമാധാന നിലയിലായതിനാലാണ് രാഷ്ട്രീയ തടവുകാരെ വിട്ടയച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ദേവേന്ദ്ര സിങ് റാണ, രാമന്‍ ഭല്ല, ഹര്‍ഷദേവ് സിങ്, ചൗധരി ലാല്‍ സിങ്, വികാര്‍ റസൂല്‍, ജാവേദ് റാണ, സുര്‍ജിത് സിങ് സ്ലാത്യ, സജ്ജദ് അഹ്മദ് കിച്ച്ലൂ എന്നീ നേതാക്കളുടെ വീട്ടു തടങ്കല്‍ നീക്കിയിട്ടുണ്ട്.
കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയവരടക്കം 400-ലേറെ നേതാക്കള്‍ 370-ാം അനുച്ഛേദം നീക്കം ചെയ്തതിന് പിന്നാലെ ജമ്മു കശ്മീരിലാകമാനം തടങ്കലിലാണ്.ശ്രീനഗറിലെ വീട്ടില്‍ തടങ്കലിലുള്ള ഫാറൂഖ് അബ്ദുള്ളയുടെ പേരില്‍ വിചാരണ കൂടാതെ ആറ് മാസം വരെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതു സുരക്ഷാ ആക്ട് ചുമത്തിയിരുന്നു.