എഐസിസിയില്‍ അഴിച്ചുപണി;അഹമ്മദ് പട്ടേല്‍ കോണ്‍ഗ്രസിന്റെ പുതിയ ഖജാന്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ഖജാന്‍ജിയായി അഹമ്മദ് പട്ടേലിനെ രാഹുല്‍ ഗാന്ധി നിയമിച്ചു. മോത്തിലാല്‍ വോറയെ പുതുതായി സൃഷ്ടിച്ച എഐസിസി ജനറല്‍ സെക്രട്ടറി അഡ്മിനിസ്‌ട്രേഷന്‍ പദവിയില്‍ നിയമിച്ചിരുന്നു.ഈ ഒഴിവിലേയ്ക്കാണ് പട്ടേലിനെ നിയമിച്ചിരിക്കുന്നത്.

സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1966 മുതല്‍ 2000 വരെയുള്ള കാലഘട്ടത്തിലും പട്ടേലായിരുന്നു എഐസിസി ഖജാന്‍ജി. ഇപ്പോള്‍ 69 വയസ്സുണ്ട് ഇദ്ദേഹത്തിന്.

പാര്‍ട്ടിയുടെ വിദേശകാര്യ വകുപ്പ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയും നിയമിതനായി. കരണ്‍ സിംഗായിരുന്നു ഈ സ്ഥാനത്ത് ഉണ്ടായിരുന്നത്.പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായി മുന്‍സ്പീക്കര്‍ മീര കുമാറിനെ തെരഞ്ഞെടുത്തു.

ലൂസിനോ ഫലീരിയോയെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറിയാകും. എന്നാല്‍ അസ്സാമിന്റെ ചുമതലയില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. സിപി ജോഷിയുടെ സ്ഥാനത്തേയ്ക്കാണ് നിയമനം.

വലിയ അഴിച്ചുപണിയാണ് എഐസിസിയില്‍ രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നത്. ദ്വിഗ് വിജയ് സിംഗ്, ശശികുമാര്‍ സിന്തേ, ജനാര്‍ദന്‍ ദ്വിവേദി തുടങ്ങിയവരെയെല്ലാം ഒഴിവാക്കി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നത്.

Top