ഗുരുഗ്രാം: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു മരണം. ഇന്ന് പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് പട്ടേൽ വിട വാങ്ങിയത്. ഗുജറാത്തിൽ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേൽ പാർലമെൻ്റിൽ എത്തിയിട്ടുണ്ട്.
മൂന്ന് തവണ ലോക്സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും, ഗുജറാത്തിൽ നിന്നും ലോക്സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലീം എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. യുപിഎ സർക്കാർ അധികാരത്തിലിരുന്ന പത്ത് വർഷവും പാർട്ടിയുടേയും സർക്കാരിലേയും നിർണായക അധികാര കേന്ദ്രമായിരുന്ന അഹമ്മദ് പട്ടേൽ. ഗാന്ധി-നെഹ്റു കുടുംബത്തിൻ്റെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.