തിരുവനന്തപുരം: ജയിലറിന് ശേഷം രജനികാന്ത് നായകനാവുന്ന തലൈവര്‍ 170 എന്ന തല്‍ക്കാല പേരു നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് നടക്കുകയാണിപ്പോള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഗംഭീര താരനിരയാണ് ഉള്ളത്. ജയിലറില്‍ വിനായകനും മോഹന്‍ലാലും അടക്കം മലയാളത്തില്‍ നിന്ന് സാന്നിധ്യമായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും ഫഹദ് ഫാസിലുമുണ്ട്. അമിതാഭ് ബച്ചന്‍, റാണ ദഗുബാട്ടി, റിതിക സിംഗ്, ദുഷറ വിജയന്‍ തുടങ്ങി പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കാസ്റ്റിംഗ് ആണ് ചിത്രത്തിന്റേത്.
അതേ സമയം തമിഴ് സോഷ്യല്‍ മീഡിയയില്‍ രജനികാന്തിന്റെ എഐ ചിത്രങ്ങള്‍ വൈറലാകുകയാണ്. ബീച്ചില്‍ നടക്കുന്ന രീതിയിലാണ് വിവിധ എഐ ചിത്രങ്ങള്‍ വൈറലായത്. തമിഴ് സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായി ഓടികൊണ്ടിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ പത്രം അടക്കം ഇത് ഒറിജിനല്‍ എന്ന രീതിയില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ട്രോള്‍ നേരിടുന്നുണ്ട്. എന്തായാലും ചിത്രങ്ങള്‍ ഗംഭീരം എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം.
തിരുവനന്തപുരത്ത് ആരംഭിച്ച ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് രജനി എത്തുന്നത്. പുതിയ ചിത്രത്തില്‍ മുടിയും മേല്‍മീശയും കറുപ്പാണ്. വ്യത്യാസമുള്ള ഹെയര്‍സ്‌റ്റൈലുമാണ്. തിരുവനന്തപുരത്ത് ശംഖുമുഖവും വെള്ളായണി കാര്‍ഷിക കോളെജും ചിത്രത്തിന്റെ ലൊക്കേഷന്‍ ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ജയിലറിലെ അനിരുദ്ധിന്റെ വര്‍ക്ക് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ടിന്് ശേഷമാണ് രജനി- അമിതാഭ് ബച്ചന്‍ കോമ്പോ എത്തുന്നത് എന്നതും എടുത്ത് പറയേണ്ടതാണ്.