ദുബായില്‍ ഡ്രൈവര്‍മാരുടെ പെരുമാറ്റവും, യാത്രാമാര്‍ഗവും തത്സമയം നിരീക്ഷിക്കാന്‍ എ.ഐ സംവിധാനം

ദുബായ് ടാക്സി കോര്‍പ്പറേഷന്‍ (ഡി.ടി.സി)ന്റെ കീഴില്‍ എമിറേറ്റിലെ 7200 വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെകൂടി പെരുമാറ്റവും, യാത്രാമാര്‍ഗവും തത്സമയം നിരീക്ഷിക്കുന്നതിന് സംവിധാനം ആരംഭിച്ചു. സ്‌കൂള്‍ ബസുകള്‍, ടാക്സികള്‍, ലിമോസിനുകള്‍, വാണിജ്യ ബസുകള്‍, ഡെലിവറി മോട്ടോര്‍ ബൈക്കുകള്‍ എന്നിവയാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നത്. നിലവില്‍ 14,500 ഡ്രൈവര്‍മാരുടെ പെരുമാറ്റം കണ്‍ട്രോള്‍ സെന്റര്‍ ഇത്തരത്തില്‍ നിരീക്ഷിക്കുന്നുണ്ട്.

സ്‌കൂള്‍ ബസുകളിലെ സുരക്ഷ ഉറപ്പാക്കാനും വിദ്യാര്‍ഥികളുടെ യാത്ര ട്രാക്ക് ചെയ്യാനും ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കാനും പുതിയ സംവിധാനത്തിന് സാധിക്കും. 1000 സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിലവില്‍ നിരീക്ഷണത്തിലാണ്. 24 മണിക്കൂറും ലഭ്യത ഉറപ്പാക്കാന്‍ കണ്‍ട്രോള്‍ സെന്റര്‍ മുഖേന 5200 ടാക്‌സികളും നിരീക്ഷിക്കുന്നുണ്ട്. കൂടുതല്‍ യാത്രക്കാരുള്ള പ്രദേശങ്ങളിലേക്ക് ടാക്സികളെ വിന്യസിക്കാന്‍ ഇത് സഹായിക്കും.

യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുകയും വാഹനത്തിന്റെയും ഡ്രൈവറുടെയും കാര്യക്ഷമത നിരീക്ഷിക്കുകയും അതുവഴി ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഡി.ടി.സി യുടെ സേവന ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് ഫ്ലീറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ അമ്മാര്‍ അല്‍ ബ്രൈക്കി പറഞ്ഞു. ആഗോളനിലവാരത്തിന് യോജിക്കുന്ന വിധത്തിലുള്ള ഗതാഗത സേവനങ്ങള്‍ നല്‍കാനും സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കാനും ഉതകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ഡി.ടി.സി. ശ്രമിക്കുന്നുണ്ടെന്നും അല്‍ ബ്രൈക്കി വിശദീകരിച്ചു.

Top