aiadmk m thambidurai says about sasikala

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം. തമ്പിദുരൈ. പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

രാജ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടിയെടുക്കാന്‍ എം.ജി.ആറും ജയലളിതയും പ്രവര്‍ത്തിച്ചതുപോലെ ഊര്‍ജിതമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാല്‍ ശശികല തമിഴ്‌നാട് മുഖ്യമന്ത്രിപദം ഉടന്‍ ഏറ്റെടുക്കണമെന്ന് തമ്പിദുരൈ ആവശ്യപ്പെട്ടു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ശശികല സ്ഥാനമേറ്റതിന് പിന്നാലെയാണ് ഉടന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി തമ്പിദുരൈ രംഗത്തെത്തിയിരിക്കുന്നത്.

ജയലളിതയെപ്പോലെ ജനങ്ങളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും സ്‌നേഹിക്കുന്ന ശശികലയ്ക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ബുദ്ധിയും കഴിവുമുണ്ട്.ശശികല പാര്‍ട്ടിയെയും സര്‍ക്കാരിനേയും നയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് തന്റെ വിശ്വാസമെന്നും തമ്പിദുരൈ പറഞ്ഞു.

ഇതാദ്യമായാണ് ശശികല മുഖ്യമന്ത്രിപദം ഏറ്റെടുക്കണമെന്ന് പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് ആവശ്യപ്പെടുന്നത്. നേരത്തെ റവന്യു മന്ത്രി ഉദയകുമാറും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

Top