ന്യൂഡല്‍ഹി: കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ രാജിയെ കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് എഐസിസി.
സുധീരന്‍ രാജി പ്രഖ്യാപിച്ച ശേഷമാണ് വിവരം എഐസിസിയ്ക്കും ലഭിക്കുന്നതെന്നാണ് എഐസിസി വ്യത്തങ്ങളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. രാജിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.
അതേസമയം, സുധീരന്റെ രാജി പിന്‍വലിക്കാന്‍ എഐസിസി ആവശ്യപ്പെടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ രാജിയെന്ന് എഐസിസിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് മൂലം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തിരക്കിലായിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നികുമായും സുധീരന് കൃത്യമായി ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നില്ലെന്നാണ് അറിയുന്നത്.
സുധീരന്‍ രാജിവെച്ചെങ്കിലും പുതിയ പ്രസിഡന്റിനെ ഉടന്‍ പ്രഖ്യാപിച്ചേക്കില്ലെന്നാണ് സൂചന. നാളെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങളില്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് സാധ്യതയുണ്ട്. ഇതിനുശേഷം കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയകാകും തീരുമാനവുണ്ടാവുക.