ബെംഗളൂരു: നവ കേരള സദസ്സിനിടെ പഴയങ്ങാടിയില്‍ നടന്ന സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മാതൃകാ രക്ഷാപ്രവര്‍ത്തനം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ഒരു പയ്യനെ വളഞ്ഞിട്ട് ഡിവൈഎഫ്‌ഐക്കാര്‍ ആള്‍ക്കൂട്ട ആക്രമണം നടത്തുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
പൊലീസ് സംരക്ഷണയില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തുകയായിരുന്നു ഡിവൈഎഫ്‌ഐ. വനിതാ നേതാവിനെ പോലും വെറുതെ വിട്ടോ? ഇതിനെതിരെ നടപടിയെടുത്തില്ല എന്ന് മാത്രമല്ല, ന്യായീകരിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി. ഡിവൈഎഫ്‌ഐയേക്കാള്‍ തരം താണു മുഖ്യമന്ത്രി പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ‘മാതൃകാരക്ഷാപ്രവര്‍ത്തനം’ എന്ന പ്രസ്താവന കേരളത്തിന് തന്നെ അപമാനകരമാണ്.
അക്രമം നോക്കി നിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന് സമാധാനം പറയേണ്ടി വരുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. എല്ലാ കാലത്തും പിണറായി വിജയന്‍ വന്ന് സംരക്ഷിച്ചോളുമെന്ന് പൊലീസുകാര്‍ ധരിക്കേണ്ട. ഹൃദയം പൊട്ടിയ വേദനയുണ്ട് ദൂരെയിരിക്കുന്ന ഞങ്ങള്‍ക്ക് പോലും. പിണറായി വിജയന്‍ സര്‍ക്കാരിനെ ഇത്തരം സംഭവങ്ങള്‍ ഭസ്മീകരിക്കും. അത് അയാള്‍ മനസ്സിലാക്കാന്‍ പോകുന്നേയുള്ളൂ. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.