ദില്ലി: ഹമാസ് വിരുദ്ധ പ്രസംഗത്തില്‍ ശശി തരൂരിനെ തള്ളി എഐസിസി. പലസ്തീന്‍ വിഷയത്തില്‍ ശശി തരൂര്‍ പറഞ്ഞതിനോട് പൂര്‍ണ യോജിപ്പില്ലെന്നാണ് എഐസിസി വ്യക്തമാക്കുന്നത്. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ കോണ്‍ഗ്രസിന് കേന്ദ്ര സര്‍ക്കാരിന്റെ അതേ നിലപാടല്ലെന്നും എഐസിസി വ്യക്തമാക്കി.
അതേസമയം, ശശി തരൂരിന്റെ പ്രസംഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. തലസ്ഥാനത്തെ മഹല്ല് കമ്മിറ്റികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നും തരൂരിനെ ഒഴിവാക്കിയത് എതിര്‍പ്പിന്റെ തുടക്കമായി പാര്‍ട്ടി കാണുന്നു. വിഴിഞ്ഞം സമരകാലത്ത് തുറമുഖത്തിനായി വാദിച്ചതില്‍ ലത്തീന്‍ സഭക്ക് തരൂരിനോടുള്ള അകല്‍ച്ചയ്ക്കിടെയാണ് മഹല്ല് കമ്മിറ്റികളും കടുപ്പിക്കുന്നത്.
ശശി തരൂര്‍ അനാവശ്യവിവാദമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. തരൂരിനെ പരസ്യമായി തള്ളുന്നില്ലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവാദത്തിനുള്ളില്‍ സന്തോഷമാണ്. നേതൃത്വത്തെ വെല്ലുവിളിച്ച് മലബാറിലടക്കം പര്യടനം നടത്തിയ തരൂരിനെ പിന്തുണച്ചവരെല്ലാം വെട്ടിലായില്ലേ എന്നാണ് പല കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ ചോദിക്കുന്നത്. എന്നും വന്‍പിന്തുണ നല്‍കിയിരുന്ന ലത്തീന്‍ സഭ വിഴിഞ്ഞം സമരത്തില്‍ തരൂരുമായി ഉടക്കി നില്‍ക്കെയാണ് ഹമാസ് വിവാദത്തില്‍ മഹല്ല് കമ്മിറ്റികളുടെ എതിര്‍പ്പ് എന്നതും ഇരട്ട തിരിച്ചടി.