ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ അടുത്ത എഐസിസി സമ്മേളനത്തില്‍ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായിട്ടോ അല്ലെങ്കില്‍ ശേഷമോ എഐസിസി സമ്മേളനം ചേരുമെന്നും സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയോ, സംഘടനാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയോ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷപദം ഒഴിഞ്ഞതായി ജൂലൈ ആറിനായിരുന്നു രാഹുല്‍ ഗാന്ധി പരസ്യമായി പ്രഖ്യാപിച്ചത്. തുടര്‍ന്ന് പാര്‍ട്ടി തലത്തില്‍ തന്നെ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇത് കോണ്‍ഗ്രസിനുള്ളില്‍ തന്നെ കടുത്ത അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ഒടുവില്‍, ആഗസ്റ്റ് 10ന് ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ വെച്ച് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് നേരിടേണ്ടി വന്ന പരാജയത്തെത്തുടര്‍ന്ന് പാര്‍ട്ടിയെ നയിക്കാന്‍ പ്രവര്‍ത്തന പരിചയുമുള്ളയാള്‍ വേണമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് സോണിയാ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തത്.