ഗാസയിലേയ്ക്കുള്ള സഹായ ഇടനാഴി തുറക്കും; ആദ്യമെത്തുക 20 ട്രക്കുകള്‍

ഗാസ സിറ്റി: ഗാസയിലേയ്ക്കുള്ള സഹായ ഇടനാഴി തുറക്കും. ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തി തുറന്ന് ഭക്ഷണവും വെള്ളവും മരുന്നുകളും ഗാസയില്‍ എത്തിക്കും. ആദ്യ ഘട്ടത്തില്‍ 20 ട്രക്കുകള്‍ ഭക്ഷണവും വെള്ളവുമായി എത്തും. പ്രതിദിനം നൂറ് ട്രക്കുകള്‍ വീതം എത്തിക്കുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്. സഹായ ഇടനാഴിക്ക് ഇസ്രയേല്‍ അനുമതി നല്‍കിയിരുന്നു.

ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിലെ റോഡുകളും പാലങ്ങളും തകര്‍ന്നിരുന്നു. എത്രയും പെട്ടെന്ന് വേണ്ട അറ്റകുറ്റപണികള്‍ നടത്തി സഹായം എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗാസയിലെ എല്ലാ സ്ഥലങ്ങളിലും സഹായം എത്തിക്കണമെങ്കില്‍ വെടിനിര്‍ത്തല്‍ വേണമെന്നും അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.

തെക്കന്‍ ഗാസയില്‍ ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കഴിഞ്ഞു. 12065 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1300 ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കാണാതായിട്ടുണ്ട്. ഇതില്‍ 600 കുട്ടികളുമുണ്ട്. ഗാസയില്‍ വിവിധയിടങ്ങളില്‍ വ്യോമാക്രമണം നടന്നു. തെക്കന്‍ ഗാസയില്‍ സ്‌കൂളിന് നേരെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ഉണ്ട്. റഫ അതിര്‍ത്തിയില്‍ ബോംബാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയും ആക്രമണം നടന്നു. ഗാസയില്‍ 10 ലക്ഷം പേര്‍ കുടിയിറക്കപ്പെട്ടെന്നും 3, 52,000 പേര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉണ്ടെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍.

Top