ചെന്നൈ : റോഡരികിൽ സ്ഥാപിച്ചിരുന്ന ഹോർഡിങ് വണ്ടിയുടെ പുറത്തേക്ക് വീണ് യുവതി മരിച്ച സംഭവത്തിൻ്റെ വീഡിയോ പുറത്ത്. മരിച്ച ശുഭശ്രീയുടെ ദേഹത്തേക്ക് ഫ്‌ളക്‌സ് വീഴുന്നതിന്റെയും വാട്ടര്‍ ടാങ്കര്‍ അവരെ ഇടിച്ച് തെറിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ചെന്നൈ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശുഭാശ്രീ രവി(23) ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വരുന്നതിനിടെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹ പരസ്യം പതിച്ച ബോര്‍ഡ് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായി പിന്നാലെ വന്ന ടാങ്കര്‍ ലോറിക്ക് മുന്നില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ടാങ്കര്‍ ലോറി ഡ്രൈവറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ഉത്തരവ് നടപ്പിലാക്കി മടുത്തുവെന്നും കോടതി പറഞ്ഞു.
സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ അധികൃതര്‍ മുട്ട് മടക്കുകയാണെന്നും കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. പൊലീസിനോടും കോര്‍പറേഷന്‍ അധികൃതരോടും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.