അഭിനയത്തില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെച്ച രജനികാന്തിനും, കമല്‍ഹാസനും എതിരായ അക്രമണം കടുപ്പിച്ച് തമിഴ്‌നാട്ടിലെ ഭരണപക്ഷമായ എഐഎഡിഎംകെ. രണ്ട് വ്യത്യസ്ത ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന താരങ്ങള്‍ ഒത്തുചേരുന്നത് പൂച്ചയും, എലിയും ഒരുമിച്ച് താമസിക്കുന്നതിന് തുല്യമാകുമെന്നാണ് പുതിയ പരിഹാസം.
ആത്മീയ രാഷ്ട്രീയവുമായി മുന്നോട്ട് പോകുമെന്നാണ് രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇടതുപക്ഷ നിലപാടുകളാണ് കമല്‍ മുന്നോട്ട് വെയ്ക്കുന്നത്. എഐഎഡിഎംകെ മുഖപത്രമായ നമതു അമ്മ ഈ വിഷയത്തില്‍ ലേഖനം എഴുതി. ചൊവ്വാഴ്ചയാണ് രജനിയും, കമലും രാഷ്ട്രീയമായി കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ഇവര്‍ സൂചന നല്‍കിയത്.
കെ പളനിസാമി മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത് അത്ഭുതമാണെന്ന രജനിയുടെ അഭിപ്രായത്തെ പിന്തുണച്ച് കമലാണ് ആദ്യം അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയത്. തലൈവര്‍ പറഞ്ഞത് വിമര്‍ശനമല്ല, സത്യാവസ്ഥയാണെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ പുരോഗതിക്കായി രജനികാന്തിനൊപ്പം കൈകോര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജനികാന്തും സമാനമായ നിലപാട് ആവര്‍ത്തിച്ചു.
ഇതോടെയാണ് എഐഎഡിഎംകെ നേതാക്കള്‍ ഇരുവര്‍ക്കും എതിരെ രംഗത്ത് വന്നത്. സിനിമയില്‍ രജനിയോട് തോറ്റ കമല്‍ഹാസന്‍ രാഷ്ട്രീയത്തിലും ഇത് ആവര്‍ത്തിക്കുമെന്ന് ഭയക്കുകയാണെന്നാണ് മുഖപത്രം കുറ്റപ്പെടുത്തിയത്. ഇരുവരും രാഷ്ട്രീയമായി കൈകോര്‍ക്കുന്നത് ഗുണം ചെയ്യില്ല, ഇനി ഒരുമിച്ചാലും എഐഎഡിഎംകെയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും പത്രം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 1977ലെ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രം പതിനാറ് വയതനിലെയില്‍ കമല്‍ രജനിയെ മസാജ് ചെയ്യുന്ന ചിത്രവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.