കൊവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തിയെന്നും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ പോസിറ്റിവിറ്റി നിരക്ക് പത്തിനു മുകളിലുള്ള സ്ഥലങ്ങളിലെല്ലാം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നു ഗുലേറിയ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

വാരാന്ത്യ ലോക്ഡൗണുകളും രാത്രി കര്‍ഫ്യൂകളും കൊണ്ടുമാത്രം കോവിഡിനെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയതു പോലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ചിലയിടങ്ങളില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ഡോ. ആര്‍.കെ. ഹിംതാനി ഉള്‍പ്പെടെ 12 പേര്‍ മരിച്ചതുതന്നെ നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.

കേസുകള്‍ ഉയരുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്രയും വലിയതോതില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ലോകത്ത് ഒരു ആരോഗ്യ സംവിധാനത്തിനും കഴിയില്ല. കേസുകളുടെ എണ്ണം കുറയ്ക്കണം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏര്‍പ്പെടുത്തണം. ലോക്ഡൗണ്‍ പ്രഖ്യാപിക്കണം. പ്രധാനപ്പെട്ടത് എന്തെങ്കിലും ചെയ്യണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top