ന്യൂഡല്‍ഹി: ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിന് എയിംസ് ആശുപത്രി കൈമാറി.
ജയലളിതയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍ നടത്തിയ വിലയിരുത്തലുകള്‍ അടങ്ങുന്നതാണ് റിപ്പോര്‍ട്ട്.
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരൂഹതകള്‍ നീക്കാനാണ് റിപ്പോര്‍ട്ടുകള്‍ കൈമാറിയത്. എയിംസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ശ്രീനിവാസ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ ജെ രാധാകൃഷ്ണന് നല്‍കി.
ജയലളിതയുടെ ചികിത്സയില്‍ ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന എ ഐ എ ഡി എം കെ വിമത നേതാവ് പനീര്‍ശെല്‍വത്തിന്റെ ആരോപണത്തെ തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെ യും ജയലളിതയുടെ മരണത്തെ കുറിച്ച് വിശദമായി അന്വേഷണം നടക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
12 എ ഐ എ ഡി എം കെ എം എല്‍ എ മാര്‍ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കണ്ട് സമാന ആവശ്യം ഉന്നയിച്ചിരുന്നു.