അയോധ്യ പ്രതിഷ്ഠ ദിനത്തോടനുമ്പന്ധിച്ച് നാളെ ഉച്ചവരെ നല്‍കിയ അവധി പിന്‍വലിച്ച് എയിംസ്. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും.മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പിന്നീട് നടത്തും. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി പിന്‍വലിച്ചത്.ഒപിഡി രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ഉച്ചയ്ക്ക് 1.30ന് തുറക്കുമെന്നും മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് അടിയന്തര സേവനങ്ങള്‍ തുടരുമെന്നും ആശുപതി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കും കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച ‘അര്‍ദ്ധദിനം’ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
റാം മനോഹര്‍ ലോഹ്യ ആശുപത്രി ഉള്‍പ്പെടെ ഡല്‍ഹിയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും സമാനമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ”ഈ ആശുപത്രിയിലെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളും/വകുപ്പുകളും, ഒപിഡി, ലാബ് സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ 2024 ജനുവരി 22 ഉച്ചയ്ക്ക് 2:30 വരെ അടച്ചിടാന്‍ തീരുമാനിച്ചു-രാം മനോഹര്‍ ലോഹ്യ ആശുപത്രിയുടെ സര്‍ക്കുലറില്‍ പറയുന്നു.22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാര്‍ക്ക് അവധിയെന്ന് നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും എയിംസ് സര്‍ക്കുലറിലൂടെ അറിയിച്ചു. അതേസമയം, അത്യാഹിത വിഭാഗങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ പറഞ്ഞു.
ഓഹരി വിപണികള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പൂര്‍ണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കും. മണി മാര്‍ക്കറ്റ്, വിദേശ വിനിമയം, ഗവണ്‍മെന്റ് സെക്യൂരിറ്റിസ് സെറ്റില്‍മെന്റ് എന്നീ ഇടപാടുകള്‍ക്കെല്ലാം 22ന് അവധിയാണ്.