തിരുവനന്തപുരം: സിപിഐ എമ്മിന് നേരെ വലതുപക്ഷ ശക്തികള്‍ നടത്തുന്ന ആക്രമണത്തിന്റെ ലക്ഷ്യം ഇടതുപക്ഷത്തെ തകര്‍ക്കാനാണെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇടതുപക്ഷത്തെ ഏറ്റവും വലിയ പാര്‍ടിയെന്ന നിലയിലാണ് ഇത്. ഇടതുപക്ഷത്തെ ദുര്‍ബലമായ കണ്ണികളെ അക്രമിച്ചാല്‍ അവര്‍ക്ക് ലക്ഷ്യം നേടാനാകില്ല. അതിന് വലിയ കക്ഷിയെത്തന്നെ തകര്‍ക്കണമെന്നാണ് ചിന്ത. ഇത് മനസ്സിലാക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വലതുപക്ഷത്ത് വ്യത്യസ്ത പാര്‍ടികള്‍ ഉണ്ടെങ്കിലും വലതുപക്ഷ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ അവര്‍ക്ക് ഒരേ നിലപാടാണ്. ഈ താല്‍പ്പര്യങ്ങളെ എതിര്‍ക്കാന്‍ തയ്യാറാകുന്നത് ഇടതുപക്ഷം മാത്രമാണ്.
ധിഷണാശാലികളായ നേതാക്കള്‍ സിപിഐ എം രൂപീകരിക്കാനുള്ള തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഇടതുപക്ഷത്തിന്റെ അവസ്ഥ എന്താകുമായിരുന്നെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അന്ന് അതല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. അതുകൊണ്ട് മാത്രമാണ് ഇന്നും കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി നിലനില്‍ക്കുന്നതെന്നും പിണറായി വ്യക്തമാക്കി.