ഹൈദരാബാദ്: മധ്യസ്ഥ ചര്‍ച്ചയിലൂടെ അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഹരിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥരെ ചൊല്ലി വിവാദം. റിട്ട. ജസ്റ്റീസ് ഖലീഫുള്ള ഖാന്‍ അധ്യക്ഷനായ സമിതിയില്‍ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിനെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി. അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ചിരുന്ന ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷത ഉറപ്പുവരുത്തുമെന്ന് ഒവൈസി ചോദിച്ചു.
ശ്രീശ്രീ രവിശങ്കര്‍ രാമക്ഷേത്രം നിര്‍മിക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യ സിറിയ പോലെയാകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദിന് മേലുള്ള നിയമപ്രകാരമുള്ള അവകാശവാദത്തില്‍ നിന്ന് മുസ്ലിംകള്‍ പിന്മാറണമെന്നും രവിശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. മധ്യസ്ഥര്‍ നിഷ്പക്ഷരായ വ്യക്തികളാകണമെന്നാണ് പൊതുതത്ത്വം. തര്‍ക്ക വിഷയവുമായി ബന്ധമുള്ളവരാകരുതെന്നും ഒവൈസി പറഞ്ഞു.
അതേസമയം സോഷ്യല്‍ മീഡിയയിലും ശ്രീ ശ്രീ രവിശങ്കറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിറിയ പരാമര്‍ശത്തിന്റെ പേരില്‍ തന്നെയാണ് വിവാദം കത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രവിശങ്കറിന്റെ സിറിയ പരാമര്‍ശം പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ സംഘടനയായ ആര്‍ട്ട് ഓഫ് ലിവിംഗ് ഇത് നിഷേധിച്ചിരുന്നു. അയോധ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തി വരുന്നയാളാണ് ശ്രീ ശ്രീ രവിശങ്കറെന്നായിരുന്നു വാദം. അയോധ്യ വിഷയത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് അയച്ച കത്ത് ചൂണ്ടികാട്ടി പ്രശ്‌നം രമ്യമായി പരിഹാരിക്കാനുള്ള മാര്‍ഗങ്ങളാണ് രവിശങ്കര്‍ തേടുന്നതെന്നും ആര്‍ട്ട്ഓഫ് ലിവിങ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.