കവരത്തി: ലക്ഷദ്വീപില്‍ എയര്‍ ആംബുലന്‍സ് ഉപയോഗിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. എയര്‍ ആംബുലന്‍സ് ആവശ്യമെങ്കില്‍ ഇനി മുതല്‍ മെഡിക്കല്‍ ഓഫീസര്‍ ഔദ്യോഗികമായി കത്ത് നല്‍കണം. മെഡിക്കല്‍ ഓഫീസറുടെ വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങള്‍ വഴിയായിരുന്നു ഇതുവരെ എയര്‍ ആംബുലന്‍സ് സംവിധാനം ഒരുക്കിയിരുന്നത്.
എന്നാല്‍ വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങള്‍ ഔദ്യോഗിക രേഖകളായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കത്ത് നിര്‍ബന്ധമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റുമ്പോള്‍ മെഡിക്കല്‍ ഓഫീസര്‍ നാലംഗ കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന് നേരത്തെ ഉത്തരവ് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം ലക്ഷദ്വീപ്അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളില്‍ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി.അഡ്മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിലും കളക്ടര്‍ അസ്‌കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്.
ഒന്നാമത്തെ പ്രമേയത്തില്‍ വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും ജനദ്രോഹപരമായ നീക്കങ്ങളില്‍ നിന്ന് അഡ്മിനിസ്‌ട്രേഷന്‍ പിന്മാറണമെന്നുമാണ് ആവശ്യപ്പെടുന്നത്.
കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലൂടെ ലക്ഷദ്വീപ്ജനതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കളക്ടര്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് രണ്ടാം പ്രമേയം.
പ്രതിഷേധസമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും കേസ് പിന്‍വലിക്കണമെന്നുമാണ് മൂന്നാം പ്രമേയത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.