ന്യൂഡല്‍ഹി:പൈലറ്റുമാര്‍ ഉള്‍പ്പടെ നാല്‍പതോളം ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചുപോയതോടെ വിജയവാഡ ആസ്ഥാനമായുള്ള എയര്‍ കോസറ്റയുടെ വിമാന സര്‍വീസുകള്‍ പ്രതിസന്ധിയില്‍.
ശമ്പളം ലഭിക്കാതായതോടെയാണ് ജീവനക്കാര്‍ ജോലിയില്‍ നിന്നു വിട്ടുപോയത്. പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനി മെയ് മാസം വരെയുള്ള ബുക്കിങ് റദ്ദാക്കിയിട്ടുണ്ട്.
അനുദിനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കമ്പനി കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ അവസ്ഥയിലേക്ക് നീങ്ങുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫെബ്രുവരി 28 ന് ശേഷം ഒരു സര്‍വീസ് പോലും നടത്താന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല.പകുതിയോളം ജീവനക്കാര്‍ക്ക് ജനുവരി മുതലുള്ള ശമ്പളവും നല്‍കിയിട്ടില്ല. പ്രതിമാസം നാല് കോടി രൂപയോളമാണ് ശമ്പള ഇനത്തില്‍ നല്‍കാന്‍ കമ്പനിക്ക് വേണ്ടത്. ഏറ്റവും കുറഞ്ഞത് 200 കോടിയെങ്കിലും അടിയന്തരമായി കണ്ടെത്തിയാല്‍ മാത്രമേ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയൂ.
സര്‍വീസ് നിര്‍ത്തിവെക്കുമ്പോള്‍ എട്ട് സ്ഥലങ്ങളിലേക്കായി ദിനംപ്രതി 16 ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തിയിരുന്നു. മൂന്നു വിമാനങ്ങള്‍ വാടകയ്‌ക്കെടുത്തായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. വാടക നല്‍കാതെ വന്നതോടെ ഇതില്‍ ഒരെണ്ണം വിമാനകമ്പനി തിരിച്ചെടുത്തിരുന്നു.