എയര്‍ ഇന്ത്യ വിമാനത്തില്‍ വിയന്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത യാത്രക്കാരന് കൊറോണാവൈറസ് സ്ഥിരീകരിച്ചതോടെ വിമാനത്തിലുണ്ടായിരുന്ന സഹയാത്രക്കാരുടെ വിവരങ്ങള്‍ തേടി എയര്‍ ഇന്ത്യ. കൊറോണാവൈറസ് കേസുകളുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകള്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ എയര്‍ ഇന്ത്യ മറ്റ് യാത്രക്കാരോട് ആവശ്യപ്പെട്ടു.
‘ഫെബ്രുവരി 25ന് എഐ154 വിയന്നഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്തവരുടെ ശ്രദ്ധയ്ക്ക്. യാത്രക്കാരില്‍ ഒരാള്‍ക്ക് കൊറോണാവൈറസ് പോസിറ്റീവായി സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം വൈറസ് സംബന്ധിച്ച് നിര്‍ദ്ദേശിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പാലിക്കുക’, എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം സൗത്ത് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ മടങ്ങിയെത്തുന്നവര്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ ചെയ്യണം. ഇതിന് പുറമെ രാജ്യത്തെ 21 എയര്‍പോര്‍ട്ടുകള്‍ക്ക് കൊറോണാവൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡല്‍ഹി കൊറോണാ രോഗിയ്‌ക്കൊപ്പം യാത്ര ചെയ്തവരോട് സ്വയം സ്‌ക്രീനിംഗിന് ഹാജരാകാനാണ് ഇതോടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ ഒരാള്‍ വൈറസിന് പോസിറ്റീവായത്. ഇദ്ദേഹത്തിന്റെ മക്കള്‍ പഠിക്കുന്ന രണ്ട് സ്വകാര്യ സ്‌കൂളുകളും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചിരിക്കുകയാണ്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് രക്ഷിതാവ് ഒരു പാര്‍ട്ടി നല്‍കിയിരുന്നു. ഇതില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് രോഗം പകരുമോയെന്നാണ് ആശങ്ക.