ദില്ലി : ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയുടെ അവസാന ടവർ ലൊക്കേഷൻ ബെംഗുളൂരുവെന്ന് ദില്ലി പൊലീസ്. പ്രതിയെ കണ്ടെത്താൻ രണ്ട് സംഘത്തെ നിയോഗിച്ചു. ഒരു സംഘം ബെംഗുളൂരുവിലെത്തിയാണ് അന്വേഷണം നടത്തുന്നത്. ശങ്കർ മിശ്ര, ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് അവധിയിൽ പ്രവേശിച്ചതായാണ് വിവരം. പ്രതി വിദേശത്തേക്ക് കടക്കാതെയിരിക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് പ്രതി. ഇയാളുടെ മുംബൈയിലെ വിലാസം വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ന്യൂയോർക്ക് ദില്ലി വിമാനത്തിൽ വെച്ച് സഹയാത്രിക്ക് നേരെ മൂത്രമൊഴിച്ചെന്നാണ് ഇയാൾക്കെതിരായ പരാതി. കേസുമായി ബന്ധപ്പെട്ട് നാല് വിമാനക്കമ്പനി ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. കൂടുതൽ പേരെ ചോദ്യംചെയ്യും. അതേ സമയം വീഴ്ച്ചകൾ ആവർത്തിക്കാൻ പാടില്ലെന്ന് കാട്ടി എയർ ഇന്ത്യ സിഇഒ ജീവനക്കാർക്ക് കത്ത് അയച്ചു, വീഴ്ച്ചകൾ ആവർത്തിക്കരുതെന്നും പ്രശ്മങ്ങളുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
എയർ ഇന്ത്യ നൽകിയ പരാതിയിൽ ഈ മാസം നാലിന് ദില്ലി പൊലീസ് കേസ് എടുത്തത്. അതിക്രമം നടന്ന ശേഷം മറ്റൊരു സീറ്റ് കിട്ടാൻ അര മണിക്കൂർ വിമാനത്തിൽ നിൽക്കേണ്ടി വന്നെന്നും എയർപോർട്ടിൽ എത്തിയ ശേഷം ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ക്യാബിൻ ക്രൂ പരിഗണിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു. ശങ്കർ മിശ്ര തനിക്ക് മുന്നിൽ കരഞ്ഞ് മാപ്പ് അപേക്ഷിച്ചെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.