മുംബൈ: എയര്‍ ഇന്ത്യയുടെ ലേലത്തില്‍ പങ്കെടുക്കുന്നതിനായി വ്യവസായ- ധനകാര്യ പങ്കാളികളെ ഒപ്പം ചേര്‍ക്കാനുളള ശ്രമത്തില്‍ ടാറ്റാ ഗ്രൂപ്പ്. എയര്‍ ഇന്ത്യയുടെ ലേലത്തിനായുളള പ്രത്യേക ഉദ്ദേശ്യ കമ്പനിയില്‍ ന്യൂനപക്ഷ ഓഹരി വിഹിതവും ടാറ്റാ ഗ്രൂപ്പ് ധനകാര്യ പങ്കാളികള്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എയര്‍ ഇന്ത്യയ്ക്കായുളള ലേലത്തിന് താല്‍പര്യ പത്രം (ഇഒഐ) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും യുഎസ് ആസ്ഥാനമായുള്ള ഫണ്ടുകളും ഉള്‍പ്പെടെയുളളവര്‍ ടാറ്റയുമായി ധനകാര്യ പങ്കാളിത്തത്തിന് ശ്രമിക്കുന്നതായാണ് സൂചന.
വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ എന്നീ രണ്ട് എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ അനുഭവവും മികച്ച ട്രാക്ക് റെക്കോര്‍ഡുമുളള ടാറ്റയുടെ പങ്കാളികളാകാന്‍ മിക്ക വ്യവസായ- ധനകാര്യ ഫണ്ടുകള്‍ക്കും താല്‍പര്യമുളളതായാണ് റിപ്പോര്‍ട്ട്. ടാറ്റാ ഗ്രൂപ്പിന് ലഭിക്കുന്ന വിവിധ ധനകാര്യ ഓഫറുകളില്‍ നിന്ന് പങ്കാളിയെ തിരഞ്ഞെടുക്കും. ഇഒഐ സമര്‍പ്പിക്കുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.