ന്യൂഡല്‍ഹി: മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ എയര്‍ ഇന്ത്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ പിടിയിലായി. ന്യൂഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനത്തിന്റെ കമാന്‍ഡായ ക്യാപ്റ്റന്‍ അരവിന്ദ് കത്പാലിയയാണ് ബ്രത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെട്ടത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വിമാനം പുറപ്പെടാന്‍ ഒരുങ്ങവെയാണ് പൈലറ്റ് അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി ഡോക്ടര്‍ അറിയിച്ചത്. പൈലറ്റിനെ പരിശോധിച്ചിരുന്നെങ്കിലും ഉപകരണത്തിനു തകരാര്‍ സംഭവിച്ചതിനാല്‍ വ്യക്തമായിരുന്നില്ലെന്നും ഡോക്ടര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് അധികൃതര്‍ ഈ പൈലറ്റിനെ തിരിച്ചുവിളിച്ചു.
ഒരു മണിക്കൂറിനുശേഷം മറ്റൊരു പൈലറ്റിനെ വിളിച്ചുവരുത്തി വിമാനം പുറപ്പെട്ടു. ഡിജിസിഎ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ കത്പാലിയയ്ക്ക് മൂന്നു വര്‍ഷം വിലക്ക് ലഭിച്ചേക്കാം. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂറിനുള്ളില്‍ പൈലറ്റുമാര്‍ക്ക് മദ്യപിക്കുന്നതിനു വിലക്കുണ്ട്. ഇത് രണ്ടാം തവണയാണ് ഇയാള്‍ ബ്രത്ത് അനലൈസര്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നത്.