ആഭ്യന്തര യാത്രക്കാർക്ക് വൻ ഓഫറുകളുമായി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ്. ‘ടൈം ടു ട്രാവൽ’ എന്ന പേരിലുള്ള ഒരു വർഷം നീളുന്ന ഓഫറിൽ വെറും 1799 രൂപയ്ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. ഈ ഓഫർ പ്രകാരം 2024 ജനുവരി 11 മുതൽ 2025 ജനുവരി 11 വരെ യാത്ര ചെയ്യാം. യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ബെംഗളൂരു-കൊച്ചി, ബെംഗളൂരു-ചെന്നൈ, ഡൽഹി-ജയ്പൂർ, ഡൽഹി-ഗ്വാളിയോർ, കൊൽക്കത്ത-ബാഗ്‌ഡോഗ്ര എന്നിവിടങ്ങളിൽ 1799 രൂപയ്ക്ക് മാത്രമേ യാത്ര ചെയ്യാം. എയർലൈനിന്റെ ആപ്പിലൂടെടെയും വെബ്‌സൈറ്റിലൂടെയും ലോയൽ കസ്റ്റമേഴ്സ്, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, എസ്എംഇകൾ, സായുധ സേനയിലെ അംഗങ്ങൾ എന്നിവർക്ക് നിരക്കിളവ് ലഭിക്കും.
എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം 325-ലധികം വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നത്. 31 ആഭ്യന്തര വിമാനത്താവളങ്ങളെയും, 14 അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും എയർ ഇന്ത്യ എക്‌സ്പ്രസ് പരസ്പരം ബന്ധിപ്പിക്കുന്നു. 63 വിമാനങ്ങളാണ് എയർ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ഇതിൽ 35 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവ ഉൾപ്പെടുന്നു.
ടാറ്റ ഗ്രൂപ്പിന്റെ എയർലൈൻസ് കമ്പനിയായ വിസ്താര 9-ാം വാർഷികത്തിൽ ഉപഭോക്താക്കൾക്കായി പ്രത്യേക വാർഷിക ഓഫറും പ്രഖ്യാപിച്ചു. ഇതനുസരിച്ച് യാത്രക്കാർക്ക് നിരവധി ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രത്യേക കിഴിവുകളോടെ യാത്ര ചെയ്യാം. ഓഫർ പ്രകാരം, ആഭ്യന്തര വിമാനക്കമ്പനികളിലെ ടിക്കറ്റിന് ഇക്കോണമി ക്ലാസിൽ 1809 രൂപയും പ്രീമിയം ഇക്കോണമിയിൽ 2309 രൂപയും ബിസിനസ് ക്ലാസിൽ 9909 രൂപയും ആണ് നിരക്ക്. അന്താരാഷ്ട്ര യാത്രകൾക്ക് ഇകോണമി ക്ലാസിൽ 9999 രൂപയ്ക്കും പ്രീമിയം ഇക്കോണമിയിൽ 13,499 രൂപയ്ക്കും ബിസിനസ് ക്ലാസിൽ 29,999 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും.