കോവിഡ്; യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് കാലാവധി നീട്ടി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി മൂലം വിമാന സര്‍വീസ് റദ്ദാക്കുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്രാ ചെയ്യാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ യാത്ര മുടക്കിയവര്‍ക്കാണ് ഈ കമ്പനിയുടെ ആനുകൂല്യം ലഭിക്കുക.

നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ മൂല്യം തന്നെയായിരിക്കും 2021 ഡിസംബര്‍ 31 വരെയുള്ള കാലയളവിലേക്കും. അതേ സമയം തന്നെ വിമാന റൂട്ട്, യാത്ര ചെയ്യുന്ന തിയ്യതി, വിമാനം, യാത്ര ചെയ്യുന്ന റൂട്ട്, ബുക്കിംഗ് കോഡ്, എന്നിവയും ഒരു തവണ മാറ്റുന്നതിന് യാത്രക്കാര്‍ക്ക് അവസരമുണ്ട്. എന്നാല്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റില്‍ നിന്ന് വ്യത്യസ്തമായി യാത്ര ചെയ്യാനാണ് നീക്കമെങ്കില്‍ നിലവില്‍ ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ നിരക്ക് ക്രമീകരിക്കും.

എന്നാല്‍ ആദ്യം ബുക്ക് ചെയ്തിട്ടുള്ള ടിക്കറ്റിന്റെ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് എടുക്കുന്നതെങ്കില്‍ ബാക്കി തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കില്ല. പ്രത്യേക ക്ലാസ് അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ ടിക്കറ്റിന്റെ നിരക്ക് കൂടുന്ന സാഹചര്യത്തില്‍ ഇത് യാത്രക്കാരില്‍ നിന്ന് ഈടാക്കും.

Top