ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും കൊച്ചയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ജീവനക്കാരുടെ തമ്മിലടി മൂലം വൈകി. ഒരു മന്ത്രിയും എംപിമാരും അടക്കമുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
കലഹിച്ച രണ്ട് ജീവനക്കാരെയും എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. ഒരു മുതിര്‍ന്ന ജീവനക്കാരനോട് ജൂനിയര്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയതാണ് കലഹത്തിന് കാരണമായത്.
യാത്രക്കാര്‍ മുഴുവന്‍ വിമാനത്തില്‍ കയറിയതിന് ശേഷമായിരുന്നു സംഭവം. അവസാനം ഇരുവരെയും പുറത്താക്കിയതിന് ശേഷമാണ് വിമാനത്തിന് പുറപ്പെടാന്‍ സാധിച്ചത്. മന്ത്രിക്കും എം.പിമാര്‍ക്കും പുറമെ ഐ.എ.എസ് ഉദ്യോഗസ്ഥരും യാത്രക്കാര്‍ക്കിടയിലുണ്ടായിരന്നു.
യാതൊരു തരത്തിലുള്ള അച്ചടക്ക ലംഘനങ്ങളും എയര്‍ ഇന്ത്യയില്‍ അനുവദിക്കുകയില്ലെന്ന് എയര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ അശ്വനി ലൊഹാനി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും വിമാനം വൈകാന്‍ കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.