ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് നടത്തുന്ന സര്‍വ്വീസുകള്‍ക്ക് ഇരട്ടി തുക ഈടാക്കാനുള്ള നീക്കത്തില്‍ നിന്ന് എയര്‍ ഇന്ത്യ പിന്മാറി. പ്രവാസികള്‍ക്കിടയില്‍ എയര്‍ഇന്ത്യയുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പികെ കുഞ്ഞാലിക്കുട്ടി എം.പി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിക്ക് നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ പിന്മാറ്റം.
നേരത്തെ 950 സൗദി റിയാല്‍ ചാര്‍ജ് ചെയ്തിരുന്ന ദമ്മാം-കൊച്ചി യാത്രയ്ക്ക് 1703 സൗദി റിയാലാണ് വന്ദേഭാരത് മിഷന്റെ കീഴിലുള്ള സര്‍വ്വീസിന് ചാര്‍ജ് ചെയ്യാന്‍ എയര്‍ഇന്ത്യ തീരുമാനിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയില്‍ ജോലിയടക്കം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്ന് കൊള്ളലാഭം കൊയ്യുന്നത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണന്ന് പികെ കുഞ്ഞാലിക്കുട്ടി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.