തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ട സംഭവത്തില്‍ ഗവര്‍ണറുടെ ഓഫീസ് എയര്‍ഇന്ത്യയ്ക്ക് പരാതി നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനും പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ വരുമെന്ന് അറിയിച്ചിട്ടും അദ്ദേഹത്തെ കയറ്റാതെ വിമാനം യാത്ര പുറപ്പെട്ടത് അവഹേളിക്കുന്നതിന് തുല്യമാണെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ എത്തിയിട്ടും വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നതിലെ അതൃപ്തിയും രാജ്ഭവന്‍ അറിയിച്ചു. ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകാനെത്തിയതായിരുന്നു ഗവര്‍ണര്‍. ഡല്‍ഹിയില്‍ നിന്ന് രാത്രി 9.10ന് നെടുമ്പാശേരിയില്‍ എത്തേണ്ട എയര്‍ഇന്ത്യയുടെ എ.ഐ 048 വിമാനം വൈകിയാണ് കൊച്ചിയിലെത്തിയത്. തുടര്‍ന്ന് 10.45ന് വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
എന്നാല്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ ഗവര്‍ണര്‍ സദാശിവം 10.40ന് വിമാനത്താവളത്തിലെത്തി. പക്ഷേ, യാത്രക്കാര്‍ക്ക് കയറാനുള്ള സമയം കഴിഞ്ഞു എന്നു ചൂണ്ടിക്കാട്ടി പൈലറ്റ് വിമാനത്തിന്റെ വാതില്‍ അടയ്ക്കുകയും യാത്ര പുറപ്പെടുകയുമായിരുന്നു. സമയം കഴിഞ്ഞതിനാല്‍ കാത്തിരിക്കാനാവില്ലെന്നും പൈലറ്റ് വ്യക്തമാക്കി. തുടര്‍ന്ന്, പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുളളവര്‍ ഇടപെട്ട് രാത്രി 12.30ന് ഗവര്‍ണര്‍ക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണര്‍ക്ക് താമസം ഏര്‍പ്പാടാക്കുകയായിരുന്നു.