ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള താത്പര്യ പത്രം ക്ഷണിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഓപ്പണ്‍ ബിഡിലൂടെയായിരിക്കും ഓഹരികള്‍ വിറ്റഴിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെയും ഉപകമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് , എയര്‍ ഇന്ത്യ സാറ്റ്‌സ് എന്നിവയുടെയും ഓഹരികളാണ് വിറ്റഴിക്കുന്നത്.
എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പനയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ പ്രാഥമിക അനുമതി നല്‍കിയിരുന്നു. 100 ശതമാനം ഓഹരികളും വിറ്റഴിച്ച് എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കണമെന്നായിരുന്നു നീതി ആയോഗിന്റെ നിര്‍ദേശം. എന്നാലിതിനെ വ്യോമയാന മന്ത്രാലയം എതിര്‍ത്തു. നിലവില്‍ 52,000 കോടി രൂപയുടെ കടബാദ്ധ്യത എയര്‍ ഇന്ത്യയ്ക്കുണ്ട്. എയര്‍ ഇന്ത്യ സര്‍ക്കാരിന് ബാദ്ധ്യതയായി മാറുന്നത് ഒഴിവാക്കാനും കമ്പനിയെ ലാഭത്തിലേക്ക് തിരിച്ചെത്തിക്കാനുമായാണ് ഓഹരി വിറ്റഴിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്.