ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പിന് കീഴിൽ വ്യോമയാന രംഗത്ത് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കൂടുതൽ ആഭ്യന്തര സർവീസുകൾ നടത്താനൊരുങ്ങുകയാണ് എയർ ഇന്ത്യ. ഓഗസ്റ്റ് 20 മുതൽ 24 പുതിയ സർവീസുകൾ കൂടി ആരംഭിക്കുമെന്നാണ് ഇപ്പോൾ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. എയർ ഇന്ത്യയുടെ 70 നാരോ ബോഡി വിമാനങ്ങളിൽ 54 എണ്ണം സർവീസ് യോഗ്യമാണ്. കഴിഞ്ഞ ആറ് മാസങ്ങളിലായി എയർ ഇന്ത്യയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ഉള്ള തീവ്ര പരിശ്രമത്തിലായിരുന്നു കമ്പനി എന്നാണ് സിഇഒ ക്യാംപ്ബെൽ വിൽസൺ പറയുന്നത്. ഇതാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തുന്നത്.
വിമാന ടിക്കറ്റിന് വില നിയന്ത്രണ അവകാശം കമ്പനികൾക്ക് തന്നെ തിരിച്ചു നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിലപാടെടുത്ത തൊട്ടടുത്ത ദിവസമാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് ടാറ്റ എയർലൈൻസ് ആയിരുന്ന എയർ ഇന്ത്യയെ നീണ്ട 69 കാലത്തെ പൊതുമേഖലയുടെ ഭാഗമായുള്ള പ്രവർത്തനത്തിന് ശേഷം ഈ വർഷം ആദ്യമാണ് ടാറ്റാ ഗ്രൂപ്പിന് തന്നെ തിരികെ കൊടുത്തത്.
ഡൽഹിയിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും മുംബൈയിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിലേക്കുമാണ് പുതിയ സർവീസുകൾ. ഒരു സർവീസ് മുംബൈ ബംഗളൂരു റൂട്ടിലും, മറ്റൊന്ന് അഹമ്മദാബാദ് പൂനെ റൂട്ടിലും തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ നിലപാടോടെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡിഗോ, വിസ്താര, ഗോഫസ്റ്റ് തുടങ്ങിയ വിമാനക്കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് സ്വന്തംനിലയ്ക്ക് നിശ്ചയിക്കാൻ ആകും. ജെറ്റ് എയർവെയ്സ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയതും ആകാശ എയർ രംഗപ്രവേശവും ഇന്ത്യൻ വ്യോമയാന രംഗത്ത് വിമാനകമ്പനികൾ തമ്മിലുള്ള മത്സരം കടുപ്പിച്ച് ഇരിക്കുകയാണ്.