മുംബൈ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി കാരണം ഈ സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ലിമിറ്റഡിന് റെക്കോർഡ് നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 9,500-10,000 കോടി രൂപയുടെ നഷ്ടം വിമാനക്കമ്പനിക്ക് നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ട്. 2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതിനുശേഷം വിമാനക്കമ്പനി ഒരിക്കൽ പോലും അറ്റാദായം നേടിയിട്ടില്ല.
2019-20ൽ 7,982.83 കോടി (താൽക്കാലിക കണക്ക്), 2018-19ൽ 8,556.35 കോടിയും, 2017-18ൽ 5,348.18 കോടിയും കമ്പനി നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഈ സാമ്പത്തിക വർഷം 6,000 കോടി പണ നഷ്ടം വിമാനക്കമ്പനി രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 3,600 കോടി ആയിരുന്നു.
2020-21 സാമ്പത്തിക വർഷത്തിൽ 5,500 കോടി രൂപ സമാഹരിച്ച എയർ ഇന്ത്യ ഈ സാമ്പത്തിക അവസാനത്തോടെ മറ്റൊരു 500 കോടി ഉയർത്താൻ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. ദേശീയ ചെറുകിട സംരക്ഷണ ഫണ്ടിൽ നിന്ന് എയർ ഇന്ത്യ 4,500 കോടി വായ്പ സമാഹരിച്ചു.
സർക്കാർ പിന്തുണ വാഗ്ദാനം ചെയ്ത ബാങ്കുകളിൽ നിന്ന് 964 കോടി വിലമതിക്കുന്ന പ്രവർത്തന മൂലധന വായ്പകൾ സമാഹരിക്കാനുളള നടപടികളുമായി മുന്നോട്ട് പോകുകയാണ് എയർ ഇന്ത്യ. ധനകാര്യ വർഷാവസാനത്തിനുമുമ്പ് എൻഎസ്എസ്എഫിൽ നിന്ന് 500 കോടി കൂടി സമാഹരിക്കാനും കമ്പനിക്ക് പദ്ധതി ഉളളതായാണ് റിപ്പോർട്ടുകൾ.