air india – malabar

കോഴിക്കോട്: മലബാറില്‍ നിന്നുള്ള യാത്രക്കാരെ കൊള്ളയടിച്ച് വിമാനക്കമ്പനികള്‍. കോഴിക്കോട്ടു നിന്ന് ഗള്‍ഫിലേക്കുള്ള യാത്രക്കാരെയാണ് കമ്പനികള്‍ ചൂഷണം ചെയ്യുന്നത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് കോഴിക്കോട്ടു നിന്നുള്ള ടിക്കറ്റ് നിരക്ക്.

എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടു നിന്ന് അബുദബിയിലേക്ക് പോകാന്‍ 19,300 രൂപ നല്‍കണം. അതേസമയം, കൊച്ചിയില്‍ നിന്ന് 6,200 രൂപ മതി. ഇതേ വിമാനം തിരുവനന്തപുരത്തു നിന്നാണെങ്കില്‍ 11,500 രൂപയും.

ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണെങ്കില്‍, കോഴിക്കോട്ടു നിന്ന് ദുബായിലേക്ക് 9,200 രൂപയാണ് കമ്പനി ഈടാക്കുന്നത്. അതേസമയം കൊച്ചിയില്‍ നിന്ന് 7,000 രൂപയും തിരുവനന്തപുരത്തു നിന്ന് 8,475 രൂപയുമാണ് ദുബായിലേക്കുള്ള ചാര്‍ജ്. പൊതുമേഖലാ വിമാനക്കമ്പനികള്‍ തന്നെ യാത്രക്കാരെ ചൂഷണം ചെയ്യുകയാണെന്നാണ് പരാതി.

കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വിമാനസര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇതോടെയാണ് നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

Top