ദില്ലി: വിമാന യാത്രക്കിടെ സീറ്റിൽ മലമൂത്ര വിസർജനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മുംബൈ-ദില്ലി എയർ ഇന്ത്യ എഐസി 866 വിമാനത്തിൽ ആണ് സംഭവം. സീറ്റ് നമ്പർ 17 എഫിലെ യാത്രക്കാരനായ രാം സിംഗ് ആണ് സീറ്റില്‍ മലമൂത്ര വിസർജനം ചെയ്യുകയും തുപ്പുകയും ചെയ്തത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ക്യാബിൻ ക്രൂ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും രാം സിംഗ് ഇത് അവഗണിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മറ്റ് യാത്രക്കാർ ബഹളം വെക്കുകയും പരാതി പറയുകയും ചെയ്തു. ഇതോടെ ക്യാബിൻ ക്രൂ രാം സിംഗിനെ ബലമായി പിടികൂടി. പൈലറ്റ് ഇൻ കമാൻഡിനെയും സ്ഥിതിഗതികൾ അറിയിച്ച ശേഷം സുരക്ഷ ആവശ്യപ്പെട്ട് വിമാന കമ്പനിക്കും സന്ദേശം അയച്ചു. ദില്ലിയിലെത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ പിടികൂടി ലോക്കൽ പൊലീസിന് കൈമാറി. ഐപിസി സെക്ഷൻ 294, 510 വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വർഷം ന്യൂയോര്‍ക്കില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വയോധികയുടെ മേല്‍ മദ്യലഹരിയില്‍ മൂത്രമൊഴിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. വ്യവസായായ ശങ്കര്‍ മിശ്രയാണ് പിടിയിലായത്. നവംബർ 26 നാണ് ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന ശങ്കർ മിശ്ര, ബിസിനസ് ക്ലാസിലെ സഹയാത്രക്കാരിയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചത്.