ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വടക്കേഅമേരിക്കയിലേക്കു നേരിട്ടുള്ള ആദ്യ വിമാനസര്‍വീസിനു സ്വാതന്ത്ര്യദിനത്തില്‍ തുടക്കമാകും. പോളാര്‍ റീജിയണിന് മുകളിലൂടെയുള്ള വ്യോമപാതകളിലൂടെയാകും എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ പറക്കുക.
‘ഇന്ത്യയ്ക്കും വടക്കേ അമേരിക്കയ്ക്കുമിടയില്‍ കുറഞ്ഞ ദൂരത്തില്‍ വിമാനസര്‍വീസ് നടത്താനുള്ള ഒരുക്കത്തിലാണ് എയര്‍ ഇന്ത്യ. ഇന്ധന ഉപഭോഗവും യാത്രാസമയവും കുറയ്ക്കുക, ജീവനക്കാരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, കാര്‍ബണ്‍ പുറന്തള്ളുന്നതു കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അറ്റ്ലാന്റിക്, പസഫിക് മേഖലകളിലൂടെ ഓഗസ്റ്റ് 15 മുതല്‍ സര്‍വീസ് തുടങ്ങും”-എയര്‍ ഇന്ത്യ അറിയിച്ചു.
വിമാനസര്‍വീസ് തുടങ്ങുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ.), യു.എസി.ലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. ക്യാപ്റ്റന്മാരായ രജനീഷ് ശര്‍മ, ദിഗ് വിജയ് സിങ് എന്നിവരാകും ആദ്യവിമാനം പറത്തുക. എന്നാല്‍, ഇതാദ്യമായല്ല ഉത്തരധ്രുവത്തിനു മുകളിലൂടെ എയര്‍ഇന്ത്യ വിമാനം പറക്കുന്നത്. 2007-ല്‍ ക്യാപ്റ്റന്‍ അമിതാഭ് സിങ് വാഷിങ്ടണിലെ സിയാറ്റയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് ഈ മേഖലയിലൂടെ ബോയിങ് 777 വിമാനം പറത്തിയിരുന്നു.
സമയവും ഇന്ധനവും ലാഭിക്കാമെന്നതാണ് ഈ റൂട്ടിലൂടെ പറക്കുന്നതിന്റെ മെച്ചം. നിലവില്‍ എയര്‍ ഇന്ത്യക്ക് സാന്‍ഫ്രാന്‍സിസ്‌കോയിലൂടെ ന്യൂഡല്‍ഹിയില്‍ നിന്ന് പ്രതിദിന സര്‍വീസുണ്ട്. അറ്റ്ലാന്‍ഡിക് – പസഫിക് റൂട്ടുകളിലൂടെയാണ് ഈ യാത്രകള്‍. പോളാര്‍ റീജിയണിലൂടെ പറക്കുമ്പോള്‍ ന്യൂഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ യാത്രാ സമയം 14.5 മണിക്കൂറില്‍ നിന്ന് 13 മണിക്കൂറായി കുറയും. ഓരോ സര്‍വീസിലും 2,000 മുതല്‍ 7,000 കിലോമീറ്റര്‍ വരെ യാത്രയ്ക്കുള്ള ഇന്ധനം ലാഭിക്കുകയും ചെയ്യും.