കരിപ്പൂര്‍: തീവ്രവാദ ആക്രമണങ്ങള്‍ നേരിടുന്നതിനാവശ്യമായ പ്രത്യേക സംവിധാനങ്ങളില്ലാത്ത രാജ്യത്തെ വിമാനത്താവളങ്ങളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രം ആവശ്യപ്പെട്ടാരാക്കുന്നത്.
എന്‍.എസ്.ജി, സി.ഐ.എസ്.എഫ്. സേനാവിഭാഗങ്ങള്‍ എന്നിവര്‍ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്ന തീവ്രവാദ ആക്രമണ പ്രതിരോധ പ്രത്യാക്രമണപദ്ധതി (സി.ടി.സി.പി.) നടപ്പാക്കാന്‍ കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും സജ്ജമല്ലെന്ന് പാര്‍ലമെന്ററിസമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പദ്ധതി നടപ്പാക്കാനാവശ്യമായ അനുബന്ധറോഡുകളുടെ അഭാവമാണ് വിമാനത്താവളങ്ങളുടെ ഏറ്റവുംവലിയ ന്യൂനതയായി വിലയിരുത്തിയിരിക്കുന്നത്.പഠാന്‍കോട്ട് ആക്രമണപശ്ചാത്തലത്തില്‍ ഏറെ ആശങ്കയുയര്‍ത്തുന്നതാണ് സമിതിയുടെ കണ്ടെത്തലുകള്‍. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് ഇതില്‍ ഏറെമുന്നില്‍.
കോഴിക്കോട് വിമാനത്താവളത്തിലെ ബലംകുറഞ്ഞ ചുറ്റുമതിലും ആളുകള്‍ റണ്‍വേക്കുസമീപം എത്താറുള്ളതും ഗുരുതരവീഴ്ചയായാണ് സമിതി വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാനമായും കോഴിക്കോട് വിമാനത്താവള അതോറിറ്റി റിപ്പോര്‍ട്ട് നല്‍കുക.