ന്യൂഡല്‍ഹി: 2016ല്‍ 5 വയസ്സില്‍ താഴെയുള്ള 60,987 കുട്ടികളാണ് ഇന്ത്യയില്‍ മലിനീകരണ സംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെട്ടത്. ലോകാരോഗ്യ സംഘടനയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. ലോക രാജ്യങ്ങളില്‍ തന്നെ ഈ വിഭാഗത്തില്‍ ഏറ്റവും ഇയര്‍ന്ന മരണ സംഖ്യയുള്ളത് ഇന്ത്യയിലാണ്. നൈജീരിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. 47,674 കുട്ടികളാണ് ഇവിടെ മരണമടഞ്ഞത്. തൊട്ടുപിറകില്‍ പാക്കിസ്ഥാന്‍, 21,136 ആണ് മരണ സംഖ്യ. 12,890 കുട്ടികളാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോങ്കോയില്‍ 2016ല്‍ മരണമടഞ്ഞത്. ചൈനയില്‍ 6,645 കുട്ടികളാണ് മലിനീകരണവുമായി ബന്ധപ്പെട്ട് മരിച്ചത്.
ഇന്ത്യയില്‍ പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ മലിനീകരണം മൂലമുണ്ടാകുന്ന അസുഖത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. 32,889 പെണ്‍കുട്ടികളും 28,097 ആണ്‍കുട്ടികളും മരണപ്പെട്ടു.
അഞ്ച് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളില്‍ 4,360 പേര്‍ 2016ലെ കണക്കു പ്രകാരം മരണപ്പെട്ടു. ഈ രണ്ട് വിഭാഗത്തിലെയും കുട്ടികളുടെ കണക്കുകള്‍ ഒരുമിച്ച് ചേര്‍ത്താല്‍ 1 ലക്ഷത്തോളം കുട്ടികളാണ് 2016ല്‍ മലീനീകരണവുമായി ബന്ധപ്പെട്ട് മരണമടഞ്ഞത്. വായു മലിനീകരണം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകാരോഗ്യ സംഘടന നടത്തിയ വിശദമായ പഠനമാണ് ഞെട്ടിപ്പിക്കുന്ന ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
4 പ്രധാനപ്പെട്ട പഠനങ്ങളുടെ വെളിച്ചത്തിലാണ് ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണം ക്രമാതീതമായി മലിനമായിക്കൊണ്ടിരിക്കുകയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 1991,2009,2010,2013 എന്നീ വര്‍ഷങ്ങളില്‍ പ്രത്യുല്‍പ്പദാനവും മരണനിരക്കുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇന്ത്യയില്‍ നടന്നു. അതിലെ വിശദാംശങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ഇന്ത്യയിലെ വിവിധ വയസ്സിലുള്ള ആളുകളുടെ മരണ നിരക്ക് കൃത്യമായി പരിശോധിച്ചു. വായു മലിനീകരണത്തോത് കൂടി കണക്കലെടുക്കുമ്പോള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണെന്ന് മനസ്സിലാകും.
ലോകത്തിലെ ഏറ്റവുമധികം മലിനമായ 20 സിറ്റികളില്‍ 14 എണ്ണവും ഇന്ത്യയിലാണ്!. 2 മില്യണ്‍ ആളുകളില്‍ കൂടുതല്‍ ഇന്ത്യയില്‍ മരണമടയുന്നത് വായു മലിനീകരണം മൂലമാണ്. ലോകത്തെ ആകെ മരണനിരക്കിന്റെ 25ശതമാനമാണിത്. ലോകത്തിലെ 90 ശതമാനത്തിലധികം കുട്ടികള്‍ ശ്വസിക്കുന്നത് മലിന വായു ആണെന്നാണ് കണക്ക്. ഏകദേശം 1.8 ബില്യണോളം വരും ഈ കണക്ക്. ഇതില്‍ 600,000 പേര്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് വിധേയരാകുന്നു. അവികസിത രാജ്യങ്ങളില്‍ 98 ശതമാനം കുട്ടികളും ഇത്തരത്തില്‍ പ്രശ്‌നമനുഭവിക്കുമ്പോള്‍ സാമ്പത്തിക ശക്തികളില്‍ 52ശതമാനം കുട്ടികളും വായുമലിനീകരണത്തിന്റെ പിടിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.