വായുമലിനീകരണം മറവിരോഗത്തിന് കാരണമാകുന്നതായി പഠനം

പാരീസ്: വായു മലിനീകരണം ബുദ്ധിഭ്രമത്തിനും മറവിയ്ക്കും കാരണമാകുമെന്ന് പഠനം. മെഡിക്കല്‍ ജേര്‍ണലായ ബിഎംജെയുടെ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. പുകവലി, മദ്യപാനം തുടങ്ങിയ കാരണങ്ങളെക്കാല്‍ മാരകമാണ് വായു മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ലോകത്ത് അല്‍ഷ്യമേഴ്‌സ് രോഗത്തിന് അടിമയായിരിക്കുന്ന 65 ശതമാനം ആളുകളില്‍ 40 ശതമാനവും 85 വയസ്സിന് മുകളിലാണ്. 2050 ആകുമ്പോഴേയ്ക്കും ഇത് മൂന്നിരട്ടിയായി വര്‍ദ്ധിക്കുമെന്നാണ് കണക്കു കൂട്ടല്‍. മറവി രോഗങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികളായിരിക്കണം വരും വര്‍ഷങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ആരോഗ്യ മേഖലയെന്നും പഠനം മുന്നറിയിപ്പു തരുന്നു.

അന്തരീക്ഷത്തിലെ നൈട്രജന്‍ ഡൈ ഓക്‌സൈഡ് അളവ് ക്രമാധീതമായി വര്‍ദ്ധിക്കുന്നത് ഹൃദ്രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങളും, ആസ്മയും കൂടാന്‍ കാരണമാകും.

2004ല്‍ 50നും 79നും ഇടയില്‍ പ്രായമായ 131,000 ആളുകളിലാണ് പഠനം നടത്തിയത്. പഠനം ആരംഭിച്ചപ്പോള്‍ ഇവരില്‍ ആര്‍ക്കും തന്നെ മറവി രോഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഏഴ് വര്‍ഷത്തോളം ഇവരുടെ ആരോഗ്യവും അതുപോലെ തന്നെ അന്തരീക്ഷത്തിലെ നൈട്രജന്റെ അളവും ഗവേഷകര്‍ പരിശോധിച്ചു.

പഠനം അവസാനിക്കുമ്പോഴേയ്ക്കും 2,200 ആളുകള്‍ക്ക് മറവി രോഗം കണ്ടെത്തി. ആകെ ആളുകളുടെ 1.7 ശതമാനമാണിത്. ഇതില്‍ തന്നെ ഭൂരിപക്ഷവും വളരെയധികം വായുമലിനീകരണം ഉള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

വാഹനങ്ങളില്‍ നിന്നുള്ള പുക തലച്ചോറിനെ ഗുരുതരമായി ബാധിക്കും. കുട്ടികളുടെ വളര്‍ച്ചയ്ക്കും ഇത് തടസ്സമാണ്.

യൂറോപ്യന്‍ പരിസ്ഥിതി ഏജന്‍സിയുടെ കണക്കനുസരിച്ച് 400,000 ആളുകളാണ് വീടിനു പുറത്തുള്ള വായു മലിനീകരണം മൂലം ഓരോ വര്‍ഷവും മരിക്കുന്നത്.

ഇന്ത്യയിലെയും അവസ്ഥ വളരെ മോശമാണ്. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ വായുമലിനീകരണം പിടിച്ചു നിര്‍ത്താവുന്നതിലും അപ്പുറമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

Top