ഡല്‍ഹിയില്‍ വായു ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയില്‍; വരും ദിവസങ്ങളിലും മലിനീകരണ തോത് വര്‍ധിക്കും

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം വീണ്ടും ഗുരുതരമായി. താപനിലയും രാത്രിയിലെ കാറ്റിന്റെ വേഗതയും കുറഞ്ഞതോടെയാണ് വീണ്ടും വായു ഗുണനിലവാരം വീണ്ടും മോശമായത്. നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് രാവിലെ എട്ടിന് 401 ആയിരുന്നു. പൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി വികസിപ്പിച്ച വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം അനുസരിച്ച്, അടുത്ത അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ മലിനീകരണ തോത് വര്‍ധിക്കാനാണ് സാധ്യത.

എല്ലാ ദിവസവും വൈകുന്നേരം നാലിന് രേഖപ്പെടുത്തിയ 24 മണിക്കൂര്‍ ശരാശരി എ.ക്യു.ഐ, വ്യാഴാഴ്ച 390, ബുധനാഴ്ച 394, ചൊവ്വാഴ്ച 365, തിങ്കളാഴ്ച 348, ഞായറാഴ്ച 301 എന്നിങ്ങനെയാണ്. അയല്‍പക്കത്തുള്ള ഗാസിയാബാദ് (386), ഗുരുഗ്രാം (321), ഗ്രേറ്റര്‍ നോയിഡ (345), നോയിഡ (344), ഫരീദാബാദ് (410) എന്നിവിടങ്ങളിലും ഗുണനിലവാരം താഴ്ന്നു.

ഡല്‍ഹി സര്‍ക്കാരും കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി നടത്തിയ പഠനത്തില്‍ തലസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 38 ശതമാനവും വാഹനങ്ങള്‍ പുറന്തള്ളുന്നുവെന്ന് കണ്ടെത്തി. അയല്‍ സംസ്ഥാനങ്ങളിലെ വിളവെടുപ്പിന് ശേഷമുള്ള നെല്‍ച്ചെടികള്‍ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിന് കാരണമായതായി കണക്കാക്കുന്നു.

Top