Aircel-Maxis case: Dayanidhi, Kalanithi Maran summoned as accused

ന്യൂഡല്‍ഹി: എയര്‍സെല്‍- മാക്‌സിസ് പണമിടപാടുമായി ബന്ധപ്പെട്ട് മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍ എന്നിവര്‍ക്ക് സമന്‍സ്. മറ്റു നാലു പേര്‍ക്കും പ്രത്യേക സിബിഐ കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ തെളിവുകളുണ്ടൈന്നും ജൂലൈ 11ന് ഹാജരാവണമെന്നുമാണ് കോടതി നിര്‍ദ്ദേശം.

കലാനിധിയുടെ ഭാര്യ കാവേരി കലാനിധി, സൗത്ത് ഏഷ്യ എഫ്എം ലിമിറ്റഡ്, സണ്‍ ഡയറക്ട് ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ മാനേജിംഗ് ഡയറക്ടര്‍ കെ. ഷണ്‍മുഖം എന്നിവര്‍ക്കും പ്രത്യേക ജഡ്ജി ഒ.പി സയിനി സമന്‍സ് അയച്ചു. അതേസമയം, അന്വേഷണം തുടരാനും ആവശ്യമെങ്കില്‍ പുതിയ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതി നിര്‍ദേശം നല്‍കി.

എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള എസ്ഡിടിവിഎല്‍, എസ്എഎഫ്എംഎല്‍ എന്നീ കമ്പനികള്‍ മൊറീഷസ് ആസ്ഥാനമായ സ്ഥാപനങ്ങളില്‍ നിന്ന് 742.58 കോടി രൂപ കൈപ്പറ്റി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം.

എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് 2014 ഓഗസ്തില്‍ മാരന്‍ സഹോദരന്‍മാര്‍ക്കും മലേഷ്യയിലെ വ്യവസായ ഭീമന്‍ ടി ആനന്ദകൃഷ്ണന്‍, മലേഷ്യന്‍ പൗരന്‍ റാന്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കും സണ്‍ ഡയറക്ട്, മാക്‌സിസ് കമ്മ്യൂണിക്കേഷന്‍, സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ഹോള്‍ഡിങ് ലിമിറ്റഡ്, ആസ്‌ട്രോ ഓള്‍ ഏഷ്യ നെറ്റ്‌വര്‍ക്ക് പിഎല്‍സി എന്നീ കമ്പനികള്‍ക്കുമെതിരേ സിബിഐയും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Top