ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും കോടതി സിബിഐ കോടതി വെറുതെ വിട്ടു.
ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഇരുവരെയും വെറുതേ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി.
മുന്‍ മന്ത്രി ദയാനിധി മാരന്‍, സണ്‍ നെറ്റ് വര്‍ക്ക് തലവന്‍ കലാനിധി മാരന്‍, മാക്‌സിസ് കമ്പനി ഉടമ ടി.അനന്തകൃഷ്ണന്‍, കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടിവ് റാല്‍ഫ് മാര്‍ഷല്‍ എന്നിവരെ പ്രതികളാക്കിയാണ് സി.ബി.ഐ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.
ഈ കേസില്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ കോടതി വെറുതെവിട്ടത്.
എയര്‍സെല്ലിനെ ഏറ്റെടുക്കുന്നതിനായി മലേഷ്യന്‍ കമ്പനിയായ മാക്‌സിസിനെ അനധികൃതമായി ദയാനിധി മാരന്‍ സഹായിച്ചു എന്നാണ് കേസ്. ഏകദേശം 700 കോടി രൂപ ഇതിലൂടെ അദ്ദേഹത്തിന് ലഭിച്ചുവെന്നും സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ട്.
എന്നാല്‍ പ്രതികള്‍ക്കെതിതിരെ തെളിവ് ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.