ന്യൂഡല്‍ഹി : എയര്‍സെല്‍- മാക്‌സിസ് സാമ്പത്തിക ക്രമക്കേട് കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് സിബിഐ. പട്യാലഹൗസ് കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
എയര്‍സെല്‍- മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്നു ചൂണ്ടിക്കാട്ടി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കേസില്‍ പ്രതികളായ മറ്റുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ലഭിക്കേണ്ടതുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച കൂടി അനുവദിക്കണം, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷം ചിദംബരവും കാര്‍ത്തിയും വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചത് സംബന്ധിച്ച് പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം ചിദംബരത്തെയും മകന്‍ കാര്‍ത്തിയെയും ഡിസംബര്‍ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.