തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ചൈന അതിര്‍ത്തിയ്ക്കു സമീപം വ്യോമസേനയുടെ എഎന്‍-32 വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
മരണപ്പെട്ടവരില്‍ മൂന്നു മലയാളികളുമുണ്ട്. രാജ്യസേവനത്തിനിടയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അസമിലെ ജോര്‍ഹട്ടില്‍നിന്നു മെന്‍ചുകയിലേക്കു 13 പേരുമായി പറന്ന വിമാനമാണു ജൂണ്‍ മൂന്നിന് കാണാതായത്. അരുണാചലിലെ ലിപോ മേഖലയിലെ വനത്തില്‍ കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. വിമാനം തകര്‍ന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്.