വിമാനങ്ങളില്‍ വാക്‌സിന്‍ വിതരണം നടത്താന്‍ ആലോചന; വ്യോമസേനയുടെ സഹായം തേടും

ന്യൂഡല്‍ഹി:കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യന്‍ വ്യോമസേനയും. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് വ്യോമസേനയുടെ വിമാനങ്ങളും മറ്റു കമ്പനികളുടെ വിമാനങ്ങളും ഉപയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഗതാഗത സൗകര്യങ്ങള്‍ കുറഞ്ഞ ഉള്‍പ്രദേശങ്ങളില്‍ വാക്സിന്‍ എത്തിക്കുന്നതിനാണ് വ്യോമസേനയുടെ സി-130ജെഎസ്, എഎന്‍-32എസ് എന്നീ വിമാനങ്ങളടക്കമുള്ളവ ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.

അരുണാചല്‍ പ്രദേശ്, ലഡാക്ക് തുടങ്ങിയ മേഖലകളിലായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സേവനം കൂടുതലായി വേണ്ടിവരിക. ആവശ്യമെങ്കില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഈ ആവശ്യത്തിന് ഉപയോഗിക്കും.

പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വാക്സിന്‍ കൈമാറുന്നതുവരെ 24 മണിക്കൂര്‍ നേരം നിശ്ചിത അളവില്‍ തണുപ്പിച്ച് സൂക്ഷിക്കാവുന്ന പ്രത്യേക കണ്ടെയ്നറുകളിലാക്കിയായിരിക്കും വിമാനങ്ങളില്‍ വിവിധയിടങ്ങളില്‍ എത്തിക്കുക. വാക്സിന്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിശദാംശങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

വ്യോമ മാര്‍ഗമുള്ള വാക്സിന്‍ വിതരണത്തിന്റെ പ്രധാന പങ്കും നിര്‍വഹിക്കുക വാണിജ്യ വിമാനങ്ങളായിരിക്കും. വിമാനത്താവളങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ വ്യോമസേനയുടെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതിന് വാണിജ്യ വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. രണ്ടു ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിവിധ പ്രദേശങ്ങളില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Top