യാത്രാ നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്ന ഹര്‍ജി പരിഗണനയിലിരിക്കവെ നിരക്ക് വര്‍ധിപ്പിപ്പിച്ച് വിമാന കമ്പനികള്‍

കൊച്ചി: യാത്രാ നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്ന ഹര്‍ജി പരിഗണനയിലിരിക്കവെ വീണ്ടും നിരക്ക് വര്‍ധിപ്പിപ്പിച്ച് വിമാന കമ്പനികള്‍. ഈ മാസം 30നാണ് ഹൈക്കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ച് ഹരജി വീണ്ടും പരിഗണിക്കുക. ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നിരക്ക് അഞ്ചിരട്ടി വരെയാണ് കൂട്ടിയത്. ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് നിരക്ക് വര്‍ധന.

വിമാനനിരക്ക് വര്‍ധന നിയന്ത്രിക്കണമെന്നാവശ്യപെട്ടുള്ള വ്യവസായിയായ കെ സൈനുല്‍ ആബിദീന്റെ ഹര്‍ജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് വീണ്ടും നിരക്ക് വര്‍ധനയുണ്ടായത്. സൈനുല്‍ ആബിദീന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സമയം തേടിയതോടെയാണ് ഹര്‍ജി 30-ാം തീയതിയിലേക്ക് മാറ്റിയത്.

ദുബായിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഒക്ടോബര്‍ 23ലെ നിരക്ക് 6500 രൂപയാണ്. ഇത് ഡിസംബര്‍ 15 ആകുമ്പോള്‍ 24,300 ആയി ഉയരും. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് 6500 രൂപയുള്ളത് 18,500 ആയി ഉയരും. ദുബായിയില്‍ നിന്ന് കണ്ണുരിലേക്ക് 7000 രൂപയുള്ളത് 35,200 ആയും അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്ക് 6800 രൂപയുള്ളത് 16,800 രൂപയായുമായാണ് ഉയരുക. കൊച്ചി വിമാനത്താവളത്തിലേക്കും തിരുവനന്തപുരം വിമാനത്താവളത്തിലേക്കുമെല്ലാം അഞ്ചിരട്ടിയോളമായി ടിക്കറ്റ് നിരക്ക് ഉയര്‍ന്നു.

 

Top