വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ ഭീരുക്കള്‍ ശ്രമിക്കുന്നു; കുനാലിനെ പിന്തുണച്ച് രാഹുല്‍

ന്യൂഡല്‍ഹി: തന്നെ വിമര്‍ശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശബ്ദരാക്കാന്‍ ഒരു ഭീരു ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമര്‍ശിച്ചതിന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് വിമാനകമ്പനികള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതികരിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

നാല് പ്രമുഖ എയര്‍ലൈന്‍ കമ്പനികളാണ് കുനാലിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കൊമേഡിയന്‍ കുമാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോ എന്നത് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. ചോദ്യങ്ങള്‍ക്ക് അര്‍ണബ് മറുപടി നല്‍കിയില്ല. തുടര്‍ന്ന് അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ വീഡിയോയില്‍ പറയുന്നു.

കുനാല്‍ അര്‍ണബിനെ ഭീരുവെന്നും വിളിച്ചു രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ് താനിത് ചെയ്യുന്നതെന്നും കുനാല്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് കുനാല്‍ കമ്രയ്ക്ക് വിമാനകമ്പനിയായ ഇന്‍ഡിഗോ ആറ് മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി. പിന്നാലെ, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളും കുനാല്‍ കമ്രയ്ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top